ജീവിതം മനോഹരം

Name:
Location: മാള, keralam, India

ഞാന്‍ അജിത്.കേരളത്തിലെ മോസ്റ്റ് ഡെവലപ്ഡ് ടൌണ്‍ ആയ മാളയുടെ അടുത്തുള്ള പൂപ്പത്തി എന്ന ഗ്രാമം സ്വദേശം.ഇപ്പോള്‍ banglore il കമ്പൂട്ടര്‍ എഞ്ജിനീയര്‍ ആയി പണിയെടുക്കുന്നു.

Monday, November 06, 2006

നോകിയാ അയ്യായിരത്തി ഒരുന്നൂറ്റിപ്പത്ത്.

2001 ലെ ശിശിരകാലം.ട്രിച്ചിയില്‍ ഒരു പുലിയായി വിലസിക്കൊണ്ടിരിക്കുന്ന കാലം.ഒരു മുക്കാല്‍ സീ‍നിയര്‍ ഒക്കെയായിരുന്നു ഞാന്‍.ദാറ്റ് മീന്‍സ് പണിയെടുക്കുവനുള്ള ആവേശം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുന്ന സമയം.

ഒരു ദിവസം മാനേജര്‍ അണ്ണന്‍ കാലത്തു തന്നെ കാബിനിലേക്ക്‌ വിളിച്ചു.എങ്ങിനെ പോകുന്നു ജോലി, എല്ലാ കാര്യങ്ങളും പഠിച്ചോ,ഏതു തരത്തിലുള്ള സിസ്റ്റം പ്രോബ്ലംസും സോള്‍വ്‌ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ്‌ ഉണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍.കൂടാതെ എന്റെ ഇതു വരെയുള്ള പെര്‍ഫോമന്‍സില്‍ കക്ഷി നല്ല ഇമ്പ്രെസ്ഡ്‌ ആണെന്നുള്ള ഒരു കോമ്പ്ലിമെന്റും.ഞാനാകെ കണ്‍ഫ്യൂഷനിലായി.സാധാരണ എന്നെ തെറി പറഞ്ഞേ അങ്ങേര്‍ക്ക്‌ ശീലമുള്ളൂ,അതു കേട്ടാലേ എനിക്കും ഒരു സുഖമുള്ളൂ. ഇതെന്താ ഇന്ന് ഒരു ചേഞ്ച്‌. ഇനി കക്ഷി എന്നെ കളിയാക്കുന്നതാണോ..? രണ്ടു ദിവസം മുന്‍പാണു ഒരു സി.ഡി ഡ്രൈവ്‌ മാറ്റാന്‍ വേണ്ടി ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കില്‍ പോയി അവിടത്തെ സെര്‍വര്‍ ഡൗണ്‍ ആക്കിയതും അതിന്റെ പേരില്‍ ബാങ്കിലെ സീനിയര്‍ മാനേജറിന്റെ തെറി എന്റെ മാനേജര്‍ കേട്ടതും.പക്ഷേ ആ പ്രശ്നങ്ങളൊക്കെ പാതിരാത്രി വരെ കുത്തിയിരുന്ന് ഞാന്‍ തന്നെ ശരിയാക്കിയതാണല്ലോ.കുച്‌ സമച്‌ മേം നഹി ആ രഹാ ഹേ.. എന്തായാലും കക്ഷിക്ക്‌ എന്റെ മേലുള്ള ഇമ്പ്രെഷന്‍ ഒട്ടും കുറക്കണ്ടാ എന്നു കരുതി ഞാന്‍ ഒരു പുപ്പുലി ആണെന്നും എന്തു തരം കാള്‍സ്‌ ആയാലും അതിപ്പോ വിപ്രൊ പ്രിന്ററായാലും ശരി അല്ലാ യുനിക്സ്‌ സെര്‍വര്‍ ആയാലും ശരി എനിക്കൊരു പ്രശ്നമേയല്ലാന്നും തട്ടിവിട്ടു. ഇനിയിപ്പോ കക്ഷിക്ക്‌ ചുമ്മാ നമ്മടെ സാലറി ഡബിള്‍ ആക്കാന്‍ വല്ല ഉദ്യേശമുണ്ടെങ്കില്‍ നമ്മളായിട്ടെന്തിനാ നിരുത്സാഹപ്പെടുത്തുന്നേ... ഏത്‌..?

പക്ഷെ ആവശ്യമില്ലാതെ ആ ഡയലോഗടിച്ചത് ഒരു മുട്ടന്‍ പാരയായിപ്പോയെന്ന് കുറച്ചു നേരം കഴിഞ്ഞാണു എനിക്ക്‌ മനസ്സിലായത്‌.നീയിപ്പോ ഒരു മാതിരി സീനിയറൊക്കെയായി , ടെക്നിക്കല്‍ വൈസ്‌ നല്ല കോണ്‍ഫിഡന്റാണു , ഇനിയിങ്ങനെയൊന്നും നടന്നാ പോരാ മാനേജ്‌മന്റ്‌ ലൈനിലും നീ നിന്റെ കഴിവ്‌ തെളിയിക്കണം എന്നൊക്കെയായി കക്ഷിയുടെ സംസാരം.ഇതിലെന്തോ ചതിയുണ്ടല്ലോ എന്ന് ചിന്തിച്ചുകൊണ്ട്‌ ഞാന്‍ കക്ഷി പറയുന്നതിനൊക്കെ യെസ്‌ സാര്‍ ഓകെ സാര്‍ എന്ന് പറഞ്ഞ്‌ തലയാട്ടിക്കൊണ്ടിരുന്നു.എന്നെ അധികം ഇട്ട്‌ ചിന്തിപ്പിച്ച്‌ കഷ്ടപ്പെടുത്താതെ കക്ഷി കാര്യം പറഞ്ഞു.തിരുവാരൂര്‍ എന്ന സ്ഥലത്ത്‌ കമ്പനി ഒരു പുതിയ ഓഫീസ്‌ തുടങ്ങാന്‍ പോകുന്നു.ഞാനായിരിക്കും ആ ഓഫീസ്‌ ഇന്‍ ചാര്‍ജ്‌. “അട പാവി... നീ ഇപ്പടി പണ്ണിട്ടിയേടാ, നാന്‍ എന്നടാ ഉനക്ക്‌ ദ്രോഹം സെഞ്ചേ... “എന്ന് വിവേക്‌ സ്റ്റൈയിലില്‍ ചോദിക്കണമെന്ന് മനസ്സില്‍ തോന്നിയെങ്കിലും അതു കൊണ്ട്‌ പ്രത്യേകിച്ചു ഒരുപകാരമില്ലെന്നറിയാവുന്നത്‌ കൊണ്ട്‌ മേനെ കുച്‌ നഹി ബോലാ.ഞാനെന്തു പറഞ്ഞാലും കക്ഷിയുടെ തീരുമാനം മാറ്റാന്‍ പറ്റില്ലാന്നറിയാവുന്നതുകൊണ്ടും പിന്നെ ഒരു ചേഞ്ച്‌ ആര്‍ക്കണിഷ്ടമല്ലാത്തത്‌ എന്ന മൈ ഓണ്‍ ഫീലിങ്ങും കാരണം ഞാന്‍ ഓകെ സാര്‍ എന്നു പറഞ്ഞു.പുതിയ ട്രെയിനിങ്ങ്‌ വല്ലതു വന്നല്‍ നിനക്കാണു ഫാസ്റ്റ്‌ പ്രിഫറന്‍സ്‌ , പിന്നെ നന്നായി പെര്‍ഫോം ചെയ്താല്‍ നെക്സ്റ്റ്‌ അപ്പ്രൈസലില്‍ പ്രമോഷന്‍ എന്നൊക്കെയുള്ള കക്ഷിയുടെ വാഗ്ദാനങ്ങളും അതിനൊരു കാരണമായിരുന്നു.

പുതിയ ഓഫീസ്‌ പുതിയ കസ്റ്റമേര്‍സ്‌ പിന്നെ ഞാന്‍ പറയുന്നതൊക്കെ അനുസരിക്കാന്‍ ഒരു ജൂനിയര്‍ എഞ്ചിനീയര്‍.അവനെക്കൊണ്ട്‌ പണിയൊക്കെയെടുപ്പിക്കാം, എനിക്ക്‌ ഓഫീസിലിരുന്ന് ടി.വി കാണുകയും ചെയ്യാം പിന്നെ മാനേജറിന്റെ തിരുമോന്ത ഡെയ്‌ലി കാണേണ്ട കാര്യവുമില്ലാ, കക്ഷിയുടെ തെറി നേരിട്ട്‌ കേള്‍ക്കുകയും വേണ്ട , വല്ലതുമുണ്ടെങ്കില്‍ ഫോണ്‍ വഴി കേട്ടാല്‍ മതി.അങ്ങനെ മൊത്തത്തില്‍ ഞാന്‍ ഹാപ്പിയായി.ഇനി തിരുവാരൂരിനെ പറ്റി പറയാം.ട്രിച്ചിയില്‍ നിന്ന് ഏകദേശം നൂറു കിലോമീറ്റര്‍ കിഴക്കോട്ട്‌ പോണം, വേളാങ്കണ്ണി റൂട്ടില്‍. വേളങ്കണ്ണിക്ക്‌ ഒരു മുപ്പത്‌ മുപ്പത്തഞ്ച്‌ കിലോമീറ്ററേയുള്ളൂ.പ്രകൃതി സുന്ദരമായ ഏരിയ.വിശാലമായ പാടങ്ങളും തോടുകളും തെങ്ങിന്‍ തോപ്പുകളും, മൊത്തത്തില്‍ ഒരു കേരളാ ഫീലിങ്ങ്‌.പിന്നെ അവിടത്തെ ഏകദേശം എല്ലാ ഗവണ്‍മന്റ്‌ ഓഫീസുകളും ഫുള്ളി ഓര്‍ പാര്‍ഷ്യലി കമ്പ്യൂട്ടറൈസ്ഡാണു. ( ആക്ചൊലി സ്പ്പീക്കിങ്ങ്‌ , ഇന്ത്യയിലെ ആദ്യത്തെ ഈ-ഡിസ്റ്റ്രിക്റ്റ്‌ നമ്മുടെ പാലക്കാടല്ല, ഈ പറഞ്ഞ തിരുവാരൂര്‍ ആണു. ഈവണ്‍ എല്ലാ താലൂക്‌,ബ്ലോക്‌ ഓഫീസുകളിലെ സെര്‍വറുകളും‍ കളക്റ്റ്രേറ്റിലെ മെയിന്‍ സെര്‍വരുമായി വയര്‍ലെസ്‌ ടെക്നോളജി വഴി കണക്റ്റഡായിരുന്നു.) ആ ജില്ലയിലെ ഏകദേശം എല്ലാ കാട്ടുമുക്കിലും പോകാനുള്ള ഭാഗ്യം എനിക്കും എന്റെ പുതു പുത്തന്‍ ബ്ലാക്‌ കളര്‍ സ്പ്ലെന്ററിനുമുണ്ടായി.കാലത്തു തന്നെ ബൈക്കുമെടുത്തിറങ്ങിയാല്‍ പിന്നെ എല്ലാ സ്ഥലങ്ങളും ചുറ്റി വരുമ്പോഴേക്കും കുറഞ്ഞതു ഒരു നൂറു നൂറ്റമ്പത്‌ കിലോമീറ്റര്‍ ഓടിയിരിക്കും.പാടവരമ്പില്‍ കൂടെയും തോട്ടില്‍ക്കൂടെയും ബൈക്കില്‍ കസ്റ്റമര്‍ സൈറ്റില്‍ പോയ ചരിത്രമുണ്ടെനിക്ക്‌, സത്യമായിട്ടും.ഒരു തവണ വണ്ടി പഞ്ചറായി വേറെ ഒരു വഴിയുമില്ലാതെ കാളവണ്ടിയില്‍ കേറ്റി അടുത്തുള്ള ഒരു ടൗണ്‍ വരേക്കും കൊണ്ടുപോകേണ്ടി വന്ന അനുഭവവുമുണ്ട്‌ , ഈ ഭാഗ്യവാന്.ഡിസ്കവറി ഓഫ്‌ തിരുവാരൂര്‍ എന്ന പേരില്‍ ഒരു പുസ്തകമിറക്കുമ്പോള്‍ എല്ലാ കാര്യങ്ങളും അതിലെഴുതാം.

പുതിയ ഓഫീസായതിനാല്‍ ഫോണ്‍ കണക്ഷന്‍ നഹി.ലാന്റ്‌ ഫോണ്‍ എടുക്കുന്നതിനു പകരം മൊബൈല്‍ ഫോണ്‍ മതി എന്ന എന്റെ സജഷന്‍ മാനേജറണ്ണന്‍ അംഗീകരിച്ചു.ഓഫീസില്‍ ഫോണ്‍ അറ്റന്റ്‌ ചെയ്യാനായി ഒരാളെ വക്കണ്ട കാര്യമില്ല.പിന്നെ ഏതു നേരത്തും എന്നെ തെറി വിളിക്കണമെന്നു തോന്നിയാലും അതും സാധിക്കും. പക്ഷേ തിരുവാരൂര്‍ ബസ്‌ സ്റ്റാന്റ്‌ വിട്ടുകഴിഞ്ഞാല്‍ പിന്നെ മഷിയിട്ടു നോക്കിയാലും ഈ സാധനത്തിനു 'റേഞ്ച്‌' എന്നു പറയുന്ന സാധനം കിട്ടില്ലാ എന്ന കാര്യം കക്ഷിയോട്‌ ഞാന്‍ പറഞ്ഞിരുന്നില്ല... എന്റെ ഫുദ്ദി അഫാരം തന്നെ...

അങ്ങനെ എയര്‍സെല്‍ കമ്പനിയില്‍ നിന്ന് ഒരു പോസ്റ്റ്‌ പെയ്ഡ്‌ കണക്ഷന്‍ ഏര്‍പ്പാടാക്കി.ഹാന്‍ഡ്‌ സെറ്റ്‌ സ്വന്തം കാശ്‌ കൊണ്ട്‌ വാങ്ങണം എന്ന മാനേജര്‍ സാറിന്റെ കണ്ടീഷന്‍ ഞാന്‍ ആദ്യമേ സമ്മതിച്ചിരുന്നു.രൂപാ മൂവായിരം കൊടുത്ത്‌ ഒരു 5110 എന്ന പേരിലുള്ള പില്‍ക്കാലത്തു ഇഷ്ടിക എന്ന പേരില്‍ പ്രസിദ്ധമായ നോകിയ ഫോണ്‍ ഞാന്‍ സെക്കന്റ്‌ ഹാന്റ്‌ ആയി വാങ്ങി.ആദ്യമായി മൊബൈല്‍ കയ്യില്‍ കിട്ടിയവന്‍ കാണിക്കുന്ന എല്ലാ അഭ്യാസങ്ങളും ഞാനും കാണിച്ചു. നാലു പേര്‍ കൂടുമ്പോ മൊബൈലെടുത്ത്‌ ഒരു കാര്യവുമില്ലാതെ ആരെയെങ്കിലും വിളിക്കുക, കൂട്ടുകാരെക്കൊണ്ട്‌ മിസ്‌ കാള്‍ അടിപ്പിക്കുക, മൂന്നും നാലും കൂട്ടിയാല്‍ ഏഴാണോ എന്ന് കണ്‍ഫേം ചെയ്യാന്‍ മൊബൈലിലെ കാല്‍കുലേറ്റര്‍ ഉപയോഗിക്കുക തുടങ്ങി പലതും.പിന്നെ ഇപ്പോഴത്തെ പോലെ എല്ലാവരുടെ കയ്യിലും ഈ പറഞ്ഞ മൊതല്‍ ഇല്ലല്ലോ.ആ ഏരിയയിലാണെങ്കില്‍ പ്രത്യേകിച്ചും.സോ നമ്മളുടെ കയ്യില്‍ ഈ സാധനം കണ്ടാല്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കും, അതു കാണുമ്പോള്‍ ജാഡ ഇരട്ടിയാകും. ആരെങ്കിലും ഈ സാധനം കണ്ട്‌ വല്ല ഡൗട്ടും ചോദിച്ചാല്‍ അവര്‍ക്ക്‌ ഒരു കമ്പ്ലീറ്റ്‌ ക്ലാസ്‌ തന്നെ കൊടുക്കുമായിരുന്നു ഞാന്‍.ചിലപ്പോഴൊക്കെ ഫ്രീയായി ഒരു കാള്‍ വിളിക്കാന്‍ വരെ കൊടുത്തിട്ടുണ്ട്‌.(ബില്‍ പേ ചെയ്യുന്നത്‌ കമ്പനിയാണല്ലോ..)

അങ്ങിനെ നല്ല മൂഡ്‌ ആണെങ്കില്‍ മാത്രം കസ്റ്റമര്‍ സൈറ്റില്‍ പോയും ബാക്കിയുള്ള സമയങ്ങളില്‍ ടി.വി കണ്ടും പിന്നെ മൊബൈലില്‍ ഫ്രെന്റ്സുമായി സല്ലപിച്ചും വീക്കെന്റ്സ്‌ ആയാല്‍ ലോകല്‍ ഫ്രെന്‍സുമായി ബിയറടിച്ചും തിരുവാരൂരില്‍ സസുഖം വാണിരുന്ന കാലം. അന്ന് ഏതോ ഒരു മാസത്തിലെ ഒരു ശനിയാഴ്ചയായിരുന്നു.പത്തുനാല്‍പതു കിലോമീറ്ററപ്പുറത്തുള്ള ഒരു ബാങ്കില്‍ സെര്‍വര്‍ പ്രോബ്ലം, അര്‍ജന്റായി അത്‌ അറ്റന്റ്‌ ചെയ്യണം.ഉടനേ സോള്‍വ്‌ ചെയ്തില്ലെങ്കില്‍ പിന്നെ മദ്രാസില്‍ നിന്നും ഉഗാണ്ടയില്‍ നിന്നുമൊക്കെ ഓരോരുത്തര്‍ വിളിച്ച്‌ തെറി പറയും. സൊ പെട്ടെന്നു തന്നെ ബൈക്കുമെടുത്ത്‌ ഞാനിറങ്ങി.ഓഫീസില്‍ സ്റ്റോക്കുള്ള ഹാര്‍ഡ്‌ ഡിസ്ക്‌,മെമ്മറി തുടങ്ങിയ ഐറ്റംസ്‌ ടൂള്‍ബാഗിലിട്ടിരുന്നു.ഞാന്‍ ഒരു പുലിയാണെന്നുള്ള കാര്യം മുന്‍പേ പല തവണ പറഞ്ഞതാണല്ലോ.മുക്കാല്‍ മണിക്കൂര്‍ കൊണ്ട്‌ ഞാന്‍ സ്പോട്ടിലെട്ടുകയും വെറും അഞ്ചേ അഞ്ച്‌ മിനിട്ടു കൊണ്ട്‌ ഞാന്‍ സെര്‍വര്‍ പ്രോബ്ലം സോള്‍വാക്കുകയും ചെയ്തു. (മെമ്മറി ഊരിയെടുത്ത്‌ മെമ്മറി സ്ലോട്ടിലുള്ള പൊടിയൊക്കെ ഊതിക്കളഞ്ഞ്‌ കുത്തിയപ്പോ സംഭവം ഓകെയായി.ഇതിനിപ്പോ എന്തിനാ ഒരു പുലിയുടെ ആവശ്യം എന്ന് ആരും ച്വാദിക്കരുത്‌).

കസ്റ്റമറിന്റെ കയ്യില്‍ നിന്ന് ഒരു പത്തു മുപ്പതു താങ്ക്സും മേടിച്ച്‌ പിന്നെ സ്പെഷല്‍ ടീയുമടിച്ച്‌ ഞാനിറങ്ങി, ബാക്‌ ടു ഓഫീസ്‌.അപ്പോഴാണു ഒരു കാര്യമോര്‍ത്തതു.കുറച്ചു ദൂരം പോയാല്‍ ഒരു താലൂക്‌ ഓഫീസ്‌ ഉണ്ട്‌.അവിടെനിന്ന് ഒരു സിസ്റ്റം പ്രോബ്ലം കാള്‍ വന്നിട്ടു അറ്റെന്‍ഡ്‌ ചെയ്യാതെ പെന്റിങ്ങ്‌ ആക്കി വച്ചിട്ട്‌ രണ്ടു ദിവസമായി.എന്തായലും ഇത്ര ദൂരം വന്നതല്ലേ, സംഭവം എന്താണെന്ന് നോക്കിക്കളയാം എന്ന് വിചാരിച്ച്‌ വണ്ടി അങ്ങോട്ട്‌ വിട്ടു.അവിടെ ചെന്നപ്പോള്‍ ഓഫീസില്‍ ആരുമുള്ള ലക്ഷണമില്ല.ഒരു പ്രായമായ വല്ല്യപ്പന്‍ മാത്രം ഇരിക്കുന്നുണ്ട്‌. ഞാന്‍ ബൈക്‌ സ്റ്റാന്റില്‍ വച്ച്‌ ഒരു കയ്യില്‍ ടൂള്‍ കിറ്റും മറ്റേ കയ്യില്‍ മൊബൈലുമായി വല്ല്യപ്പന്റെ അടുത്തേക്ക്‌ ചെന്ന് 'ഇവിടാരുമില്ലേ കാര്‍ന്നോരേ' എന്ന് തമിഴില്‍ ചോദിച്ചു. ഇന്‍ഡ്ര് ശനിക്കളമൈ.... അതിനാലെ ആരും വരലൈ , നീങ്കെ എങ്കെരിന്ത്‌ വരീങ്കെ' കാര്‍ന്നോരുടെ മറുപടി.എന്റെ കയ്യിലെ ബാഗും ഫോണും പിന്നെ എന്റെ ശുദ്ധ തമിഴും കാരണം 'ഇവനാരഡൈ' എന്ന ഭാവമായിരുന്നു കക്ഷിയുടെ മുഖത്ത്‌.നാന്‍ എച്‌.സി.എല്‍ കമ്പനീലിരുന്ത്‌ വരേന്‍ , പോയിട്ട്‌ അപ്പുറം വരേന്‍ എന്നും പറഞ്ഞ്‌ അധികം സമയം കളയാതെ ഞാന്‍ തിരിച്ചു നടന്നു.

'തമ്പീ കൊഞ്ചം നില്ല്' എന്ന് പറഞ്ഞുകൊണ്ട്‌ കാര്‍ന്നോര്‍ ബൈക്കിനടുത്തേക്ക്‌ വന്നു.കക്ഷിയുടെ നോട്ടം എന്റെ കയ്യിലെ മൊബെലില്‍ ആയിരുന്നു.അതെന്താണെന്ന് കക്ഷിക്കറിയണം.ആഹാ എന്നോടാണോ മൊബൈലിനെ പറ്റി ചോദിക്കുന്നേ..ഇതിപ്പോ സ്വതവേ വീക്‌ പോരെങ്കില്‍ പ്രഗ്ഗ്നന്റ്‌ ന്ന് പറഞ്ഞപോലെയായി.ഞാന്‍ ബാഗ്‌ ബൈകിനു മുകളില്‍ വച്ചതിനു ശേഷം വല്ല്യപ്പനു മൊബൈലിനെ പറ്റി ഒരു ഡീറ്റൈല്‍ഡ്‌ ക്ലാസ്‌ തന്നെ കൊടുത്തു.വല്ല്യപ്പന്റെ ഡൗബ്ട്സ്‌ എല്ലാം ക്ലിയര്‍ ആക്കി.സാമ്പിള്‍ ആയി ആ ഓഫീസിലെ ഫോണിലേക്ക്‌ ഒരു മിസ്‌ കാള്‍ കൊടുത്ത്‌ ഫോണ്‍ റിങ്ങ്‌ ചെയ്യുന്ന സൗണ്ട്‌ കക്ഷിയുടെ ചെവിട്ടില്‍ വച്ചു കേള്‍പ്പിച്ചപ്പൊ ആള്‍ ഹാപ്പി.തമിഴില്‍ കുറെ നന്ദ്രിയെല്ലാം പറഞ്ഞ്‌ കക്ഷി ഫോണ്‍ തിരിച്ചു തന്നു, എന്നിട്ടിങ്ങനെ പറഞ്ഞു. "തമ്പീ ഇത്‌ ഇങ്കെ യാരും വാങ്കമാട്ടാങ്കെ.. വേറെ എന്ന ഐറ്റംസ്‌ ബാഗിലിരുക്ക്‌' . അട പാവി, എന്റെ ബാഗും ടക്‌-ഇന്‍ ചെയ്ത ഡ്രെസ്സുമൊക്കെ കണ്ടപ്പോ 'സോപ്‌,ചീപ്‌,കണ്ണാടി' ഐറ്റംസ്‌ വീടുകളിലും ഓഫീസുകളിലും പോയി വില്‍ക്കുന്ന ടീമാണെന്നല്ലേ വല്ല്യപ്പന്‍ വിചാരിച്ചത്‌.ഫോണ്‍ പോക്കറ്റിലിട്ട്‌ വേഗം ബൈക്‌ സ്റ്റാര്‍ട്ടാക്കി സ്ഥലം കാലിയാക്കനൊരുങ്ങി.'തമ്പീ നീങ്കെ പോയി തിങ്കള്‍ക്കളമൈ വാങ്കെ.. വരുമ്പോത്‌ കാല്‍ക്കുലേറ്റര്‍,പേന,ഫോറിന്‍ സ്പ്രേ മതിരി ഐറ്റംസ്‌ കൊണ്ടുവാങ്കെ".വല്ല്യപ്പന്‍ എന്നെ വിടാനുള്ള ഭാവമില്ലായിരുന്നു.'ഓകെ പെരിയവരേ' എന്ന് പറഞ്ഞുകൊണ്ട്‌ ഞാന്‍ വണ്ടി വിട്ടു.
അതില്‍പിന്നെ നാട്ടുകാര്‍ക്ക്‌ മൊബെലിനെ പറ്റി സ്റ്റഡി ക്ലാസ്‌ കൊടുക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി.