ജീവിതം മനോഹരം

Name:
Location: മാള, keralam, India

ഞാന്‍ അജിത്.കേരളത്തിലെ മോസ്റ്റ് ഡെവലപ്ഡ് ടൌണ്‍ ആയ മാളയുടെ അടുത്തുള്ള പൂപ്പത്തി എന്ന ഗ്രാമം സ്വദേശം.ഇപ്പോള്‍ banglore il കമ്പൂട്ടര്‍ എഞ്ജിനീയര്‍ ആയി പണിയെടുക്കുന്നു.

Thursday, October 05, 2006

ചങ്ങനാശേരി സൂപ്പര്‍ഫാസ്റ്റ്

ത്രിശ്ശൂര്‍ റ്റു ട്രിച്ചി - അധ്യായം 2 - ചങ്ങനാശേരി സൂപ്പര്‍ഫാസ്റ്റ്‌.

എന്റെ കഴിഞ്ഞ പോസ്റ്റ്‌ ആയ 'എക്സ്പ്രസ്‌' വന്‍ വിജയം കൈവരിച്ചതിന്റെ പശ്ചാത്തലത്തില്‍ (പോസ്റ്റര്‍ പോലും ഒട്ടിക്കാത്ത പടങ്ങളെ പോലും "ബ്ലോക്‌ ബസ്റ്റര്‍ ചലചിത്രം" എന്ന് ടീവീല്‍ പറയുന്നത്‌ കേട്ടിട്ടില്ലേ,അതേ മാതിരി ഒന്നു പറഞ്ഞുനോക്കിയതാ...ക്ഷമി.) അടുത്ത ഒരു അനുഭവകഥ പറയുവാന്‍ ആഗ്രഹിക്കുകയാണു സുഹ്രുത്തുക്കളേ .... കഴിഞ്ഞ അനുഭവം തമിഴ്‌നാട്‌ സര്‍ക്കാര്‍ വക വണ്ടിയിലായിരുന്നെങ്കില്‍ ഇത്തവണ അതു നമ്മുടെ സ്വന്തം ആനവണ്ടിയിലായിരുന്നു.

ഓണം,വിഷു,ക്രിസ്മസ്‌ തുടങ്ങിയ വിശേഷാവസരങ്ങള്‍ക്കും മറ്റു പല പല പരിപാടികള്‍ക്കുമായി കുറഞ്ഞത്‌ രണ്ടു മാസത്തിലൊരിക്കലെങ്കിലും കുടുമം സന്ദര്‍ശിക്കുക എനിക്കൊരു ശീലമായിരുന്നു.കേന്ദ്രസര്‍ക്കാര്‍ വക ടീ ഗാര്‍ഡന്‍ എക്സ്പ്രസ്‌ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കൊച്ചിന്‍ എക്സ്പ്രസ്‌ ആണു നാട്ടിലേക്ക്‌ പോകാന്‍ മുഖ്യ ആശ്രയം.(റയില്‍ വേയുടെ ഒരു കാര്യമേ.... ഒരു തേയിലചെടിയുടെ പരിസരത്തു കൂടി പോകാത്ത വണ്ടിക്ക്‌ കൊടുത്തിരിക്കുന്ന പേരു, ടീ ഗാര്‍ഡന്‍ എക്സ്പ്രസ്‌. അതേ മാതിരി ഒരു ഐലന്റിലും പോകാത്ത ബാംഗ്ലൂര്‍-കന്യാകുമാരി വണ്ടിയുടെ പേരു ഐലന്റ്‌ എക്സ്പ്രസ്‌..!!!)
ബട്‌ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം ചിലപ്പോഴൊക്കെ നമ്മുടെ തേയിലത്തോട്ടം എക്സ്പ്രസ്‌ എനിക്ക്‌ കിട്ടാറില്ല.അങ്ങനെയുള്ള അവസരങ്ങളില്‍ ഒരു വഴിയുള്ളത്‌ നേരെ അടുത്ത ബസ്‌ പിടിച്ച്‌ കോയമ്പത്തൂര്‍ക്ക്‌ വിടുക എന്നുള്ളതാണു.അവിടെ നിന്ന് ഐതര്‍ ത്രിശ്ശൂര്‍ ഓര്‍ ഡയരക്റ്റ്‌ ചാലക്കുടി.പക്ഷേ ഒരു പ്രശ്നമുള്ളതെന്താണെന്ന് വച്ചാല്‍ കോയമ്പത്തൂര്‍ നിന്ന് ത്രിശ്ശൂരെത്തുമ്പൊഴേക്കും മനുഷ്യന്റെ പരിപ്പിളകും.കാരണം കോയമ്പത്തൂര്‍ നിന്നു മുതല്‍ വണ്ടിയിലുള്ള തിരക്ക്‌ തന്നെ.കോയമ്പത്തൂര്‍ ഗാന്ധിപുരത്ത്‌ ഒരു ഉത്സവത്തിനുള്ള ആള്‍ക്കാര്‍ ഉണ്ടാകും.എല്ലാവരും സേലം,ഈറോഡ്‌ ഏരിയായില്‍ ഉള്ള കോളേജുകളിലെ പിള്ളേര്‍ ആയിരിക്കും.പേണ്മണികളുടെ വായ നോക്കി ക്ഷീണം മാറ്റം എന്നു വച്ചാല്‍ അതും നടപ്പില്ല.കാരണം എല്ലാം ആള്‍ റെഡി എങ്കേജ്ഡ്‌ ആയിരിക്കും,ഏതെങ്കിലും ഒരു കോളേജ്‌ പയ്യന്റെ കൂടെ.ഒരു ചൂണ്ടയില്‍ കൊത്തിയ മീനിനു വീണ്ടും ഇരയിടുന്ന പരിപാടി നമുക്ക്‌ പണ്ടേയില്ലാ.

പിന്നെ ഒരേ ഒരു വഴിയുള്ളത്‌ , 8 മണിക്ക്‌ വരുന്ന നമ്മുടെ കേരളനാടിന്റെ അഭിമാനമായ ആനവണ്ടിയാണു.വേളാങ്കണ്ണിയില്‍ നിന്ന് തഞ്ചാവൂര്‍,ട്രിച്ചി,കോയമ്പത്തൂര്‍,ത്രിശ്ശൂര്‍,കോട്ടയം വഴി ചങ്ങനാശേരി വരെ പോകുന്ന കെ.എസ്‌.ആര്‍.ടി.സി ഇന്റര്‍സ്റ്റേറ്റ്‌ സൂപ്പര്‍ ഫാസ്റ്റ്‌ പാസഞ്ചര്‍.വരും എന്ന് പറഞ്ഞിട്ട്‌ വരാതിരിക്കുന്ന സ്വഭാവം നല്ലോണം ഉള്ളത്‌ കൊണ്ട്‌ ഞാന്‍ ഈ പറഞ്ഞ വണ്ടിയെ നന്‍പാറില്ല.മാത്രവുമല്ല ലേറ്റസ്റ്റ്‌ മോഡല്‍ പുഷ്‌ ബാക്‌ സീറ്റും സൂപ്പര്‍ എയര്‍ സസ്പെന്‍ഷനും ഉള്ളതുകൊണ്ട്‌ വണ്ടീക്കേറിയിരുന്ന് അര മണിക്കൂര്‍ ആകുമ്പോഴേക്കും മനുഷ്യന്റെ നടുവിന്റെ അടപ്പിളകും.ഇടക്കിടക്ക്‌ ബ്രേക്ഡൗണ്‍ ആകുകയെന്നതും ചുള്ളന്റെ ഒരു ഹോബിയായിരുന്നു(ഒരു തവണ എനിക്കനുഭവമുണ്ട്‌).എന്തൊക്കെയായാലും ഈ ശകടത്തിനു ഒടുക്കത്തെ സ്പീഡ്‌ ആണു.ഏഴേ ഏഴു മണിക്കൂര്‍ കൊണ്ടു സാധനം ത്രിശ്ശൂരെത്തും.പിന്നെ തിരക്കു ഒട്ടും ഇല്ലാത്തതുകൊണ്ട്‌ സീറ്റ്‌ കിട്ടുകയും ചെയ്യും. (തമിഴ്‌നാടിന്റെ ബസ്സുകള്‍ യാത്രക്കാരെ വിളിച്ചുകയറ്റുമ്പോള്‍ നമ്മുടെ ആനവണ്ടിയുടെ പാപ്പാന്മ്മാര്‍ക്ക്‌ എങ്ങനെയെങ്കിലും ശകടം കൊണ്ടു എത്തിച്ചാ മതി എന്ന മനോഭാവമാണു.ആളു കേറിയാലും കൊള്ളാം കേറിയില്ലെങ്കിലും കൊള്ളാം.)

അങ്ങനെ ആ കൊല്ലം ഓണത്തിനു നാട്ടീപ്പോകാന്‍ മാനേജറണ്ണന്റെ കാലു പിടിച്ചു നാലു ദിവസത്തെ ലീവ്‌ മേടിച്ചു.ആ ദിവസത്തെ പണിയെല്ലാം കഴിഞ്ഞ്‌ റൂമില്‍ പോയി ബാഗെല്ലാം എടുത്തു വന്നപ്പോഴേക്കും സമയം ഏഴര.ഇനി ട്രെയിന്‍ കിട്ടുന്ന കാര്യം കഷ്ടം.ആനവണ്ടി തന്നെ ശരണം എന്നു വിചാരിച്ചു കൊണ്ട്‌ നേരെ സെന്റ്രല്‍ ബസ്സ്റ്റാന്റിലേക്ക്‌ വിട്ടു.വണ്ടി വരാന്‍ ഇനിയും സമയമുണ്ട്‌.സൊ , നടുവേദന , ഉറക്കമില്ലായ്മ എന്നിവ പരിഹരിക്കാന്‍ വേണ്ടി ബസ്സ്റ്റാന്റിനു ഓപ്പ്പൊസിറ്റ്‌ ഉള്ള ഡൈനാസ്റ്റി ബാറില്‍ നിന്നു രണ്ടു കരടിക്കുട്ടനെ പെട്ടെന്നു തന്നെ അകത്താക്കി. എന്റെ വാച്ചോ അല്ലാ ഡ്രൈവറുടെ വാച്ചോ ഏതിനാണു മിസ്റ്റേക്‌ എന്നറിയില്ല, കറക്റ്റ്‌ 8 മണിക്ക്‌ തന്നെ ബസ്‌ എത്തി.ചാടി പെടച്ചു കേറി നോക്കിയപ്പൊ സീറ്റൊന്നും ബാക്കിയില്ല.പണി കിട്ടിയല്ലോ എന്നു വിചാരിചു ഒന്നു കൂടെ സ്കാന്‍ ചെയ്തുനോക്കിയപ്പൊ , അതാ ഫ്രണ്ട്‌ സീറ്റില്‍ ഒരുത്തന്‍ മാത്രം ഇരിക്കുന്നു, അല്ലാ കിടക്കുന്നു. എന്ത്‌......ബാക്കിയുള്ളവന്‍ ബിയറടിച്ച്‌ കമ്പിയേല്‍ പിടിച്ച്‌ നില്‍ക്കുമ്പൊ , ഒരുത്തന്‍ മാത്രം കിടന്നുറങ്ങുകയോ.എന്റെ ഞെരമ്പിലെ ആല്‍കഹോള്‍ ആളിക്കത്തി.എന്തായാലും ഞാന്‍ വയലന്റ്‌ ആകുന്നതിനു മുന്‍പു അങ്ങേര്‍ എഴുന്നേറ്റ്‌ നീങ്ങിയിരുന്നു(എന്റെ ഭാഗ്യം).

കണ്ടക്ടര്‍ ചേട്ടന്റെ കയ്യില്‍ നിന്ന് രൂപാ നൂറ്റിചില്വാനം മുടക്കി ചാലക്കുടിക്ക്‌ ഒരു ടിക്കറ്റും വാങ്ങി പോക്കറ്റിലിട്ട്‌ ഞാനിരുന്നു, അതായത്‌ ഏറ്റവും മുന്നിലെ ലെഫ്റ്റ്‌ സൈഡ്‌ സീറ്റില്‍.ഡ്രൈവറുചേട്ടന്‍ ആള്‍ ഒരു ഓള്‍ഡ്‌ പീസ്‌ ആണെങ്കിലും അഹങ്കാരത്തിനു ഒരു കുറവുമുണ്ടായിരുന്നില്ല.അത്യാവശ്യത്തിനു പഴക്കമുള്ള (കെ.എല്‍.15 - 3711) ആ ശകടം അങ്ങേര്‍ നൂറേ നൂറിലാണു പറപ്പിക്കുന്നത്‌.വണ്ടിയുടെ പഴക്കം ആകെയുള്ള ഒരു 'കട കട' ശബ്ദത്തില്‍ നിന്ന് മനസ്സിലാക്കാമായിരുന്നു.കുറച്ചു നേരം കഴിഞ്ഞ്‌ കയ്യിലെ കര്‍ചീഫ്‌ കൊണ്ട്‌ കണ്ണ് മൂടിക്കെട്ടി ഞാന്‍ ഉറങ്ങാനുള്ള ഒരു സെറ്റപ്പിലായി.അങ്ങനെ വീട്ടില്‍ വെളുപ്പാന്‍ കാലത്തു തന്നെ എത്തുമ്പോള്‍ കിട്ടുന്ന സ്പെഷല്‍ ഓണ അടയും സ്വപ്നം കണ്ടു ഞാനുറങ്ങി.കുറേ നേരം കഴിഞ്ഞ്‌ ഞാനുണര്‍ന്നു,ഉറക്കം മതിയായതുകൊണ്ടൊന്നുമല്ലാ ആകെപ്പാടെയുള്ള കര്‍ണ്ണകഠോര ശബ്ദം സഹിക്കാതെ. സമയം അപ്പൊ ഏതാണ്ട്‌ 11 ആയിരുന്നു.ഞാന്‍ മാത്രമല്ല വണ്ടിയിലെ ഏകദേശം എല്ലാവരും ഉണര്‍ന്നിരിക്കുകയായിരുന്നു. ഈ പറഞ്ഞ 'കട കട' ശബ്ദം വരുന്നത്‌ വണ്ടിയുടെ മുന്‍ഭാഗത്തുനിന്നായിരുന്നു,കൃത്യമായി പറഞ്ഞാല്‍ ലെഫ്റ്റ്‌ സൈഡിലുള്ള ഗ്ലാസ്‌ വിന്‍ഡൊ ആടുന്ന ശബ്ദം.ഓരോ പത്ത്‌ കിലോമീറ്ററിനും 10 ഡസിബല്‍ വച്ച്‌ ആ ശബ്ദം കൂടിക്കൊണ്ടിരുന്നു.

കുറച്ചു നേരം കഴിഞ്ഞ്‌ 'ടീ , കാഫി' അടിക്കാനായി വണ്ടി ഒരു ഹൈവേ മോട്ടലിന്റെ മുന്നില്‍ നിര്‍ത്തി.ചായകുടിയെല്ലാം കഴിഞ്ഞ്‌ ഡ്രൈവറുചേട്ടന്‍ (വല്ല്യപ്പന്‍ എന്നു പറയുന്നതാണു കൂടുതല്‍ ശരി) എവിടെ നിന്നോ ഒരു പാക്കിംഗ്‌ ടേപ്‌ സങ്കടിപ്പിച്ചു കൊണ്ടു വന്നു.ഗ്ലാസ്‌ ഇളകുന്ന ഭാഗങ്ങളിലൊക്കെ ടേപ്പൊട്ടിച്ച്‌ ഒരു വിധം സംഭവം ഓകെ ആക്കി.ഒരു കൈ സഹായത്തിനു കക്ഷിയുടെ കൂടെ ഞാനുമുണ്ടായിരുന്നു. ഇനി ഒരു മണിക്കൂര്‍ കൊണ്ടു കോയമ്പത്തൂര്‍ എത്തും,പിന്നെ ഒരു മണിക്കൂര്‍ കൂടെ കഴിഞ്ഞാല്‍ പാലക്കാട്‌.അവിടെയെത്തിയാല്‍ വണ്ടി മാറ്റാം.അതു വരെ വണ്ടിയുടെ ഗ്ലാസ്‌ ആ ടേപ്പിന്റെ കയ്യില്‍..!!

ടാറ്റാ ഭഗവാനേയും ലെയ്‌ലാന്റ്‌ ഭഗവതിയെയും മനസ്സില്‍ ധ്യാനിച്ചു കൊണ്ട്‌ വല്ല്യപ്പന്‍ വണ്ടിയെടുത്തു.സ്പീഡ്‌ നൂറേ നൂറില്‍ നിന്ന് ഒരു 70-80 ലെവലില്‍ ആക്കി പാലക്കാടിനെ ലക്ഷ്യമാക്കി ആനവണ്ടി കുതിക്കാതെ പാഞ്ഞു.കുറച്ചു നേരം കഴിഞ്ഞപ്പോഴെക്കും ഒട്ടിച്ച ടേപ്പെല്ലാം വിട്ടു തുടങ്ങി.വണ്ടി കോയമ്പത്തൂര്‍ എത്താറായപ്പൊഴേക്കും പഴയ 'കട കട' ശബ്ദം അത്യാവശ്യത്തിനു കേട്ടു തുടങ്ങി.വണ്ടിയിലെ എല്ലാവരും നാട്ടിലേക്കുള്ളവരാണെന്നും അതിനാല്‍ കോയമ്പത്തൂര്‍ ആളിറക്കം ഇല്ല എന്നും കണ്ടക്ടറണ്ണന്‍ പറഞ്ഞതനുസരിച്ച്‌ സിറ്റിയില്‍ കേറാതെ ബൈപാസ്‌ വഴി വല്ല്യപ്പന്‍ വണ്ടി വിട്ടു.ഏതാണ്ട്‌ വാളയാര്‍ ചെക്‌ പോസ്റ്റ്‌ കഴിഞ്ഞ്‌ കുറച്ചു ദൂരം പോയപ്പോഴേക്കും ഗ്ലാസ്‌ കമ്പ്ലീറ്റ്‌ ആടി വീഴാറായി.ഒരു ചെറിയ പീസ്‌ പൊട്ടി താഴെ വീഴുകയും ചെയ്തു.

വല്ല്യപ്പന്‍ സൈഡൊതുക്കി വണ്ടി നിര്‍ത്തി.ഡ്രൈവറും കണ്ടക്ടറും കൂടിയുള്ള ഒരു കൂലങ്കഷ ചര്‍ച്ചക്കു ശേഷം വണ്ടി ഇനി ഓടിക്കാന്‍ പറ്റില്ലെന്നും അടുത്ത വണ്ടി വരുമ്പോള്‍ എല്ലാവരെയും അതില്‍ കേറ്റി വിടാമെന്നും അല്ലാത്തവര്‍ക്ക്‌ റീഫണ്ട്‌ തരാമെന്നുമുള്ള ഫൈനല്‍ ഡിസിഷനില്‍ അവര്‍ എത്തിച്ചേര്‍ന്നു.പിന്നേ പാതിരാത്രി ഒരു മണിക്കല്ലേ ഇനി ഒരു വണ്ടി ഉടനേ വരാന്‍ പോകുന്നത്‌.അങ്ങനെ വന്നാല്‍ തന്നെ സാധനം ഹൗസ്‌ ഫുള്‍ ആയാണു വരുക.ഏതാണ്ടെല്ലാവരും ഡ്രെവര്‍ &‌ കണ്ടക്ടര്‍ പെയറിനോട്‌ ചൂടായി.വെളുപ്പാന്‍ കാലത്തു വീട്ടില്‍ മാവേലിയായി കേറാന്‍ പറ്റില്ലെന്നറിഞ്ഞ ഞാനും അത്യാവശ്യം വയലന്റ്‌ ആയി.വേളാങ്കണ്ണിയില്‍ ഭജനയിരിന്ന് വീട്ടിലേക്ക്‌ തിരിച്ചു പോകുന്ന ഒരു ഓള്‍ഡ്‌ കോട്ടയം കപ്പിള്‍സ്‌ ഉത്തരവാദിത്തപ്പെട്ടവരെ കോടതി കേറ്റുമെന്ന് ഭീഷണി മുഴക്കി.അവരുടെ മോന്‍ കണ്‍സ്യൂമര്‍ കോര്‍ടിലെ ഏതോ ഒരു കുളാണ്ടര്‍ ആണത്രെ.ഗതാഗത മന്ത്രിയായ ബാലകൃഷ്ണപിള്ളയാണു വണ്ടിയുടെ ഈയവസ്ഥക്കു കാരണമെന്ന് ഏതോ ഒരുത്തന്‍ പിന്നില്‍നിന്ന് പറയുന്നുണ്ടായിരുന്നു.അതിനെ ഏറ്റുപിടിക്കാന്‍ വേറെ ചിലരും.ചുരുക്കത്തില്‍ പാതിരാത്രിക്ക്‌ നടുറോഡില്‍ കിടന്ന് ആകെ ബഹളം.അവസാനം എങ്ങനെയായാലും, ഇനി വണ്ടിയുടെ രണ്ടു ചക്രം തന്നെ ഊരിപ്പോയാലും വണ്ടി വിട്ടേ പറ്റൂ എന്നുള്ള ആക്രമാസക്തരായ ജനങ്ങളുടെ ആവശ്യം അവര്‍ക്ക്‌ സമ്മതിക്കേണ്ടി വന്നു.അപ്പോഴുമുണ്ട്‌ ഒരു ചെറിയ പ്രശ്നം.ആ അവസ്ഥയില്‍ വണ്ടി ഓടിക്കാന്‍ പറ്റില്ല.ചില്ല് മൊത്തം പൊട്ടി വീണാല്‍ ആകെ പണിയാകും.ആകെയുള്ള വഴി ലെഫ്റ്റ്‌ സൈഡ്‌ ചില്ല് കമ്പ്ലീറ്റ്‌ ഊരി മാറ്റി വച്ചിട്ട്‌ പതുക്കെ സാവധാനം ധീരേ ധീരേ ഓടിച്ചു പോണം.ചില്ല് ഊരി മാറ്റാന്‍ ഒരു കൈ സഹായത്തിനു നിന്ന എന്റെ കയ്യില്‍ തന്നെ വല്ല്യപ്പന്‍ ചില്ല് ഊരി തന്നു.ഞാന്‍ അതും പിടിച്ചു കൊണ്ട്‌ ബോണറ്റിന്റെ മേലെ എന്റെ ബാഗും വച്ചു അതില്‍ കേറിയിരുന്നു.വണ്ടി വിട്ടു, ഒരു 30-35 സ്പീഡില്‍.ഞാന്‍ എഴുന്നള്ളത്തിനു ഭഗവതി വിഗ്രഹവും കൊണ്ടു ആനപ്പുറത്തിരിക്കുന്ന മാതിരി ചില്ലും പിടിച്ചു കൊണ്ട്‌ ബോണറ്റിലും.

എന്തായാലും ഒരു രണ്ടരയോടെ ശകടം പാലക്കാട്‌ സ്റ്റാന്റിലെത്തി.വണ്ടി ചേഞ്ച്‌ ചെയ്യണം എല്ലാവരും ഇറങ്ങിക്കോളൂ എന്ന് കണ്ടക്ടറണ്ണന്‍ പറഞ്ഞതനുസരിച്ച്‌ എല്ലാവരും ഇറങ്ങി വണ്ടി കാലിയായി.പത്തു മിനിട്ടായിട്ടും വണ്ടിയേയും സാരഥികളെയും കാണാനില്ല.ആള്‍ റെഡി ചൂടായി നില്‍ക്കുന്ന എല്ലാവരും വയലന്റ്‌ ആവാന്‍ തുടങ്ങി.അതോണ്ടെന്തു കാര്യം, ആരെന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ വക കാര്യങ്ങള്‍ അതിന്റെ മുറ പോലെയല്ലേ നടക്കൂ.. രണ്ടു പേര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത്‌ പോയി കാര്യം തിരക്കിയപ്പോള്‍ സ്പെയര്‍ ആയി വേറെ വണ്ടിയില്ലെന്നും ചില്ല് മാറ്റിയിട്ട ശേഷം സെയിം വണ്ടി തന്നെ വിടുമെന്നും അറിയിപ്പുണ്ടായി.ഇനി ഓണ അട പോയിട്ട്‌ ഓണ സദ്യ തന്നെ മിസ്‌ ആകുമോ എന്നു ആലോചിച്ചു ഒരു ടീയുമടിച്ച്‌ സ്റ്റാന്റിലെ പെട്ടിക്കടയില്‍ നിന്ന് ഒരു നാനയും മേടിച്ചു വായിച്ചിരിക്കുമ്പോഴാണു , ഒരു തിരോന്തരം സൂപ്പര്‍ഫാസ്റ്റ്‌ സ്റ്റാന്റിലേക്ക്‌ ഇരമ്പിപാഞ്ഞെത്തിയത്‌.കുറച്ചു കാശു പോയാലും വേണ്ടില്ലാ സമയത്ത്‌ കുടുമത്തെത്തിയാല്‍ മതി എന്നു വിചാരിച്ചു കൊണ്ട്‌ ഒടുക്കത്തെ തിരക്കായിട്ടും അതില്‍ ചാടിക്കേറി.

നാലരയോടെ സാധനം ത്രിശ്ശൂരെത്തിയപ്പോള്‍ എതാണ്ട്‌ പകുതിയോളം പേരു അവിടെയിറങ്ങി.ഇനി ചാലക്കുടിയില്‍ എത്തി അവിടെ നിന്നു വണ്ടി പിടിച്ച്‌ വീട്ടിലെത്തുമ്പോഴേക്കും നേരം വെളുക്കും.അപ്പോ മാവേലിയായി വെളുപ്പാന്‍ കാലത്തു തന്നെ ഞാനെത്തുമെന്ന് അമ്മക്ക്‌ കൊടുത്ത വാക്കു തെറ്റും.എന്താ ചെയ്ക.... അവസാനം കണ്ടക്ടറണ്ണന്റെ കാലു പിടിച്ചു ഓണ്‍ ദ വേ കൊടകരയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു.(വിശാല്‍ജിയുടെ അതേ കൊടകര..!!). കണ്ടക്ടറണ്ണന്‍ എന്റെ ആപ്ലികേഷന്‍ ഫയലില്‍ സ്വീകരിച്ച്‌ അപ്രൂവ്‌ ചെയ്യുകയും അങ്ങിനെ അഞ്ചു മണിയോടെ കൊടകര ബൈപാസ്സില്‍ എന്നെ തട്ടുകയും ചെയ്തു.എന്റെ പ്രതീക്ഷ തെറ്റിയില്ല... ഓണമായിട്ടും വെളുപ്പാന്‍ കാലത്തു തന്നെ അധ്വാനിക്കുന്ന യുവജനങ്ങളുള്ള കൊടകരയിലെ ഒരു ഓട്ടോ ചേട്ടന്‍ എന്നെ അഞ്ചേമുക്കാലോടെ കുടുമത്തെത്തിച്ചു,ഓണം സ്പെഷല്‍ ആയി രൂപാ നൂറു വാങ്ങിച്ചെങ്കിലും.
അങ്ങനെ ആ കൊല്ലവും ഞാന്‍ ഓണ അട ചൂടോടെ തിന്നു.