Name:
Location: മാള, keralam, India

ഞാന്‍ അജിത്.കേരളത്തിലെ മോസ്റ്റ് ഡെവലപ്ഡ് ടൌണ്‍ ആയ മാളയുടെ അടുത്തുള്ള പൂപ്പത്തി എന്ന ഗ്രാമം സ്വദേശം.ഇപ്പോള്‍ banglore il കമ്പൂട്ടര്‍ എഞ്ജിനീയര്‍ ആയി പണിയെടുക്കുന്നു.

Wednesday, September 20, 2006

ജനാല തൊണ്ണൂറ്റി എട്ട്

പൂപ്പത്തി ലോവര്‍ പ്രൈമറി സ്കൂളില്‍ നിന്നു ഐരാണിക്കുളം ഗവണ്‍മേന്റ്‌ ഹൈസ്കൂള്‍,ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട, മോഡല്‍ പോളീടെക്നിക്‌ മാള വഴി അവസാനം ഞാന്‍ എച്‌.സി.എല്‍ ഇന്‍ഫോസിസ്റ്റംസ്‌ എന്നു പേരായ ഒരു ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനിയില്‍ എത്തി ചേര്‍ന്നു, എന്റെ ഇരുപതൊന്നാം വയസ്സിന്റെ ആദ്യ ക്വാര്‍ട്ടറില്‍. തമിഴ്‌ നാട്‌ മാപ്പിന്റെ കറക്റ്റ്‌ നടുക്കായി ഒരു കുത്തു കൊടുത്താല്‍ കാണാവുന്ന ഒരു ഏരിയ. അതാണു ട്രിച്ചി. മലയാളത്തില്‍ പറഞ്ഞാല്‍ ത്രിശിനാപ്പള്ളി.ഈ പറഞ്ഞ സ്ഥലത്തായിരുന്നു എന്റെ ആദ്യത്തെ പോസ്റ്റിംഗ്‌. ബ്ബ്ലോഗ്‌ പോസ്റ്റിംഗ്‌ അല്ല.. ജോലിയുടെ കാര്യമാ പറഞ്ഞേ. നീണ്ട ആറു വര്‍ഷം ഞാന്‍ അങ്ങിനെ ഒരു എന്‍.ആര്‍.കെ ആയി ഞാനവിടെ വിലസി (കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ജീവിച്ചു). സംഭവ ബഹുലമായ ആ ആറു കൊല്ലത്തെ ഓര്‍മിക്കാനും മറക്കാനും ഇഷ്ടപെടുന്ന ചില അനുഭവങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കട്ടെ.

തൃശ്ശൂര്‍ ടു ട്രിച്ചി - അധ്യായം ഒന്ന് ----- ജനാല തൊണ്ണൂറ്റി എട്ട്‌ ------

99 ലെ ജൂലായ്‌ മാസം. നാട്ടില്‍ മഴ തകര്‍ത്തു പെയ്യുമ്പോഴും ട്രിച്ചിയില്‍‌ ഒടുക്കത്തെ വെയില്‍ തന്നെ.പക്ഷെ അതു എനിക്കൊരു പ്രശ്നമല്ലായിരുന്നു. ജോലിയില്‍ കേറിയിട്ട്‌ രണ്ടു മൂന്നാഴ്ച കഴിഞ്ഞെങ്കിലും ഞാന്‍ ഇപ്പോഴും ഓഫിസില്‍ തന്നെ ഇരുപ്പാണു, പ്രത്യേകിച്ചൊരു പണിയുമില്ലാതെ.(നമ്മുടെ ഡെസിഗ്ഗ്നേഷന്‍ എന്നു പറഞ്ഞാല്‍ കസ്റ്റമര്‍ എഞ്ചിനീയര്‍ എന്നാണു, അതായത്‌ കസ്റ്റമര്‍ സൈറ്റില്‍ പോയി കമ്പ്യൂട്ടറും അതിന്റെ അനുബന്ധ ഉപകരണങ്ങളും റിപയര്‍ ചെയ്യുക എന്ന മഹത്തായ കര്‍മ്മത്തിന്റെ കര്‍ത്താവ്‌).പുതിയ പയ്യനല്ലേ, തല്‍കാലം ഇവന്‍ ഒഫീസിലിരുന്ന് കാര്യങ്ങള്‍ കുറച്ച്‌ നന്നായി പഠിക്കട്ടെ, ഇപ്പൊ ഫീല്‍ഡില്‍ വിടണ്ടാ എന്നു നമ്മുടെ റീജണല്‍ മാനേജര്‍ ആദ്യമേ അരുള്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇവന്‍ വല്ല സ്ഥലത്തും പോയി കമ്പ്യൂട്ടറിന്റെ പരിപ്പെടുത്താല്‍ കസ്റ്റമറിന്റെ തെറി താന്‍‍ തന്നെ കേള്‍ക്കണമല്ലൊ എന്നു വിചാരിച്ചിട്ടായിരിക്കും ആ മാന്യദേഹം അങ്ങനെ പറഞ്ഞത്‌.എന്തായാലും ഓഫിസില്‍ ചുമ്മാ മോണിറ്ററിന്റെയും പ്രിന്ററിന്റെയും മേജര്‍/മൈനര്‍ ഓപെറേഷനു ഒരു ഹെല്‍പര്‍ ആയി നിന്ന് ഒരു മാസം പോയി.അവസാനം ആ സുദിനം - എന്റെ ആദ്യത്തെ കാള്‍ - വന്നെത്തി.

അന്നും ഞാന്‍ വളരെ ആത്മാര്‍ഥതയോടെ ഒരു മോണോ മോണിറ്ററിനെ കമഴ്ത്തി കിടത്തി അതിന്റെ കിഡ്നിയുടെ ഭാഗത്ത്‌ ഒരു മൈനര്‍ ഓപറേഷന്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പൊഴാണു കാള്‍ കൊ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി മാഡം വന്ന് ഇങ്ങനെ മൊഴിഞ്ഞത്‌." മേട്ടുപ്പാളയം ഗവണ്‍മേന്റ്‌ സ്കൂളില്‍ വിന്‍ഡോസ്‌ 98 ലോഡ്‌ പണ്ണണം.വേറെ യാരും ഇങ്കെ ഇപ്പൊ ഫ്രീയാ ഇല്ലൈ , നീങ്കെ കൊഞ്ചം അര്‍ജന്റാ കെളമ്പുങ്കെ". തമിഴ്‌ ഭാഷയില്‍ ഞാന്‍ എം.എ ലിറ്ററേച്ചര്‍ എടുക്കാഞ്ഞതിനാല്‍ ഈ പറഞ്ഞതില്‍ പാതി എനിക്കു മനസ്സിലായില്ല.അടുത്തു തന്നെ നില്‍പുണ്ടായിരുന്ന മലയാളോം തമിഴും അറിയാവുന്ന ഒരു അണ്ണന്‍ എനിക്ക്‌ കാര്യം പറഞ്ഞു തന്നു. ഏന്റമ്മേ.., ഈ മേട്ടുപ്പാളയം എന്നു പറഞ്ഞാല്‍ ഊട്ടിക്കു പോകുന്ന വഴിക്കുള്ള സ്ഥലമല്ലേ... മറ്റേ ബ്ലാക്ക്‌ തണ്ടര്‍ ഉള്ള സ്ഥലം. ഒരു 250 കിലോമീറ്റര്‍ കുറഞ്ഞതു വരുമല്ലോ എന്നു കരുതി ആകെ വണ്ടറടിച്ചു നില്‍ക്കുമ്പൊ, അങ്ങേര്‍ കാര്യങ്ങള്‍ കുറച്ചു കൂടെ ക്ലിയര്‍ ആക്കി.ആ മേട്ടുപ്പാളയമല്ല ഈ മേട്ടുപ്പാളയം, അതു വേ ഇതു റേ. ജസ്റ്റ്‌ 50 കിലോമീറ്റര്‍ പോയാല്‍ ഈ പറഞ്ഞ സ്ഥലമെത്തും.സേലം റൂട്ടില്‍ മുസിരി എന്നു പറഞ്ഞ ഒരു ടൗണ്‍ ഉണ്ട്‌.അവിടെയിറങ്ങി വേറെ ഒരു ലോക്കല്‍ ബസ്സ്‌ പിടിച്ചു പോയാല്‍ മൊത്തം ഒരു മണിക്കൂര്‍ കൊണ്ട്‌ സ്പോട്ടിലെത്താം.അപ്പോഴും ഉണ്ട്‌ ഒരു ചെറിയ പ്രശ്നം.ഈ വിന്‍ഡോസ്‌ 98 നോട്‌ എനിക്കത്ര അടുപ്പം പോരാ. കാര്യം ശരി , ഞാന്‍ കക്ഷിയെ ട്രെയിനിങ്ങില്‍ വച്ചു പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ അത്ര സുഖത്തിലല്ല.പോളിടെക്നികില്‍ പഠിക്കുമ്പോള്‍ വിന്‍ഡോസ്‌ 3.11 നെ തന്നെ എനിക്ക്‌ നല്ല ബഹുമാനമായിരുന്നു. അവന്റെ ഇമ്മീഡിയറ്റ്‌ എല്‍ഡര്‍ ബ്രദര്‍ ആയ വിന്‍ഡോസ്‌ 95 ചേട്ടനെ കണ്ടാല്‍ എഴുന്നേറ്റു നിന്ന് മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട്‌ വണങ്ങിയിരുന്നു. ഇപ്പൊ വല്യേട്ടനായ 98 ന്റെ അടുത്താണ് ഞാന്‍ കളിക്കാന്‍ പൊകുന്നത്‌.അതും ഊരും പേരും അറിയാത്ത ഒരു നാട്ടില്‍ വച്ച്‌. ഏന്റെ കാര്യം കട്ടപ്പൊഹ..!! അടിച്ച്‌ നില്‍ക്കാന്‍ പറ്റിയില്ലെങ്കിലും പിടിച്ചു നില്‍ക്കാനുള്ള ശക്തി തരണേ എന്റെ മൈക്രോസോഫ്റ്റ്‌ ഭഗവാനേ എന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ഞാന്‍ ബസ്സ്‌ സ്റ്റാന്‍ഡിലെക്കു നടന്നു.

അവിടെ‌ കിടക്കുന്നൂ സേലം റൂട്ടില്‍ 3 വണ്ടി. ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം.പോളിയില്‍ പഠിക്കുമ്പോല്‍ സ്ഥിരം ജാംബവാന്റെ കാലത്തെ ആനവണ്ടിയില്‍ പോയി വന്നിരുന്ന ഞാന്‍ ഹാപ്പി ആയി.ലിമിറ്റഡ് സ്റ്റോപ്‌ , പോയിന്റ്‌ ടു പോയിന്റ്‌ എന്നൊക്കെ എഴുതി വച്ചിരിക്കുന്ന തമിഴ്‌നാട്‌ ഗവര്‍മെന്റിന്റെ 2 ബസ്സുകളെ പാടേ അവഗണിച്ചു കൊണ്ട്‌ ഞാന്‍ ഡി.ടി.എസ്‌ എന്നു മുന്നിലെ ലെഫ്റ്റ്‌ സൈഡ്‌ വിന്‍ഡോ സ്ക്രീനില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു വച്ചിരിക്കുന്ന , കാതലര്‍ ദിനം പടത്തിലെ "ഓ മറിയാ... ഓ മരിയാ" എന്ന പാട്ട്‌ ഫുള്‍ ട്രെബിളില്‍ വച്ചിരിക്കുന്ന പ്രൈവറ്റ്‌ ബസ്സില്‍ ഉപവിഷ്ടനായി.എന്റെ സെലക്ഷന്‍ മോശമായില്ലാ എന്നു തെളിയിച്ചുകൊണ്ട്‌ വെറും 40 മിനിറ്റില്‍ ബസ്‌ മുസിരിയിലെത്തി,അതും മുന്‍പേ പോയ രണ്ട്‌ ബസ്സിനെ ഓവര്‍ടേക്‌ ചെയ്തുകൊണ്ട്‌.

അവിടെ ഇറങ്ങി അന്വേഷിച്ചപ്പോഴാണറിയുന്നത്‌, മേട്ടുപ്പാളയത്തിനു അടുത്ത ബസ്സ്‌ 1 മണിക്കേ ഉള്ളൂ എന്ന്. ഇനി രണ്ടു മണിക്കൂര്‍ ഉണ്ട്‌, ഈ പറഞ്ഞ 1 മണി ആവാന്‍.എന്തു ചെയ്യാനാ സ്റ്റാന്റില്‍ വന്നു പൊകുന്ന എല്ലാ ബസ്സിന്റേയും ഡാറ്റ കളക്റ്റ്‌ ചെയ്തു കൊണ്ട്‌ ഞാന്‍ അവിടെ തന്നെ ഇരുന്നു.ബസ്സ്റ്റാന്റിലെ വെയ്റ്റ്‌ ചെയ്യല്‍ എനിക്കു ഒരു പുത്തരിയല്ലാ. മാള ബസ്സ്റ്റാന്റില്‍ 3.30 മുതല്‍ 5.30 വരെ വെയ്റ്റ്‌ ചെയ്തു എനിക്ക്‌ നല്ല ശീലമാണു..ബട്ട്‌, അവിടെയാണെങ്കില്‍ ആ സമയങ്ങളില്‍ കണ്ണിനിമ്പമുള്ള പല കാഴ്ചകളുണ്ടായിരുന്നു, മാള കാര്‍മല്‍ കോളേജ്‌, സെന്റ്‌.ആന്റണീസ്‌ കോളേജ്‌ തുടങ്ങിയ പെണ്‍കോളേജുകളിലെ കുഞ്ഞാടുകളുടെ രൂപത്തില്‍.ഇപ്പൊള്‍ ഇവിടെയാണെങ്കില്‍ ടാറില്‍ വീണ ഐശ്വര്യാ റായിമാര്‍ മാത്രമെ ഉള്ളൂ. അതുകൊണ്ട്‌ ആ രണ്ട്‌ മണിക്കൂര്‍ രണ്ടു യുഗങ്ങളെപ്പോലെ കടന്നുപോയി (ചുമ്മാ, ഒരു എഫെക്റ്റിനാ).

എന്തായലും വക്കു തെറ്റിക്കാതെ 1 മണിക്കു തന്നെ ബസ്‌ എത്തി.നമ്മുടെ ആന വണ്ടിയെപ്പോലെ വരും എന്നു പറഞ്ഞിട്ട്‌ വരാതിരുന്നില്ല. ബസ്‌ വിട്ടു,കരകാട്ടക്കാരനിലെ 'മാങ്കുയിലേ പൂങ്കുയിലേ 'എന്ന പാട്ടും ഇട്ടുകൊണ്ട്‌. 10-15 മിനിറ്റില്‍ മേട്ടുപ്പാളയം എത്തും എന്ന് വിചാരിച്ചിരുന്നിട്ട്‌ അര മണിക്കൂര്‍ കഴിഞ്ഞിട്ടും ലാസ്റ്റ്‌ സ്റ്റോപ്‌ ആയ മേട്ടുപ്പാളയം ബസ്‌ സ്റ്റാന്റ്‌ എത്തുന്ന ഒരു ലക്ഷണവുമില്ല.ടിക്കറ്റ്‌ എടുത്തപ്പോഴേ എനിക്കു ചെറിയ ഒരു ഡൗട്‌ ഫീല്‍ ചെയ്തതാണു.3 രൂപാ പ്രതീക്ഷിച്ച സ്ഥലത്ത്‌ എടുത്തത്‌ 7 രൂപയുടെ ടിക്കറ്റ്‌ ആണു. ബസ്സ്‌ ആണെങ്കില്‍ ഒരു കാട്ടു പ്രദേശത്തു കൂടെയാണു പോകുന്നത്‌.അടുത്തെങ്ങും ആള്‍താമസമുള്ള മാതിരിയും തോന്നുന്നില്ല.ഒരു മണിക്കൂറെ യാത്രയുള്ളൂ എന്നു പറഞ്ഞ കൊല്ലീഗ്‌ സഹോദരനെ പുതുതായി പഠിച്ച ഒരു ഒരു തമിഴ്‌ തെറിയും പറഞ്ഞു കൊണ്ട്‌ പാട്ടും കേട്ട്‌ ഞാനിരുന്നു,അല്ലാതെ വേറെന്തു ചെയ്യാന്‍..?അവസാനം 2.30 ആയപ്പൊഴേക്കും വണ്ടി ഒരു ചായക്കടയുടെ അടുത്തുള്ള ഒരു ബസ്സ്‌ സ്റ്റോപ്പില്‍ നിര്‍ത്തി. "മേട്ടുപ്പളയം ബസ്സ്‌ സ്റ്റാന്റ്‌ , എല്ലാരും ഇറങ്കിടുങ്കെ " എന്നു കണ്ടക്ടര്‍ അണ്ണന്‍ വിളിച്ചു പറഞ്ഞപ്പോല്‍ ഞാന്‍ ഞെട്ടി.അവിടെ ആകെയുള്ളത്‌ ഒരു ചായക്കടയും രണ്ട്‌ പെട്ടിക്കടയും,ഇരിക്കാന്‍ രണ്ട്‌ ബഞ്ച്‌. ഇതിന്റെ പേരാണോ ഈീ നാട്ടില്‍ 'ബസ്സ്‌ സ്റ്റാന്റ്‌' ..? ഏന്തായലും ആ പ്രദേശത്തിന്റെ വികസന സാധ്യതകളെപ്പറ്റി ചിന്തിച്ചു നമ്മുടെ ബഹു.പ്രതിപക്ഷ നേതാവ്‌ ശ്രീ.ഉമ്മന്‍സ്‌ ചാണ്ടി അവര്‍കളെപോലെ ടെന്‍ഷന്‍ അടിക്കാതെ ഞാന്‍ ചായക്കടയില്‍ പോയി "സ്കൂള്‍ എവിടെ" എന്നന്വേഷിക്കാന്‍ തീരുമാനിച്ചു.10 മിനിറ്റ്‌ നേരത്തെ പരിശ്രമത്തിനു ശേഷം എന്റെ തമിഴ്‌ ടീ കടൈ അണ്ണനു മനസ്സിലായി.കക്ഷി പുറത്തേക്കു വന്ന് ഈസ്റ്റ്‌ വെസ്റ്റ്‌ കോര്‍ണറിലെക്കു പോകുന്ന ഒരു ഒറ്റയടിപ്പാത കാണിച്ചുതന്ന് ആ വഴിക്കു വിട്ടോളാന്‍ പറഞ്ഞു.

നടന്നു തുടങ്ങി ഒരു 5-10 മിനിറ്റ്‌ കഴിഞ്ഞിട്ടും സ്കൂളിന്റെ ഒരു ലക്ഷണവുമില്ല.മാത്രവുമല്ല ആ ഏരിയായില്‍ ഒരു മനുഷ്യന്‍ പോലുമില്ല.ഈശ്വരാ ഇനി ഈ സ്ഥലം സത്യമംഗലം ഫോറസ്റ്റ്‌ റേഞ്ചില്‍ പെട്ടതാണോ. ഇവിടെയൊക്കെക്കൊണ്ട്‌ ഏതവനാടാ സ്കൂള്‍ വച്ചത്‌, അവിടെയാരടാ കമ്പ്യൂട്ടര്‍ വാങ്ങി വച്ചത്‌, ഏതവനാടാ എന്റെ കമ്പനിയില്‍ നിന്നു തന്നെ വാങ്ങിയത്‌ എന്നെല്ലാം മനസ്സില്‍ പ്രാകി കൊണ്ടും വീരപ്പന്‍ പിടിക്കാതിരിക്കാനായി ക്യാപ്റ്റന്‍ പ്രഭാകര്‍ അണ്ണനെ പ്രാര്‍ത്ഥിചു കൊണ്ടും ഞാന്‍ എന്റെ നടത്തം തുടര്‍ന്നു. എന്തായലും ഒരു 20-25 മിനിറ്റ്‌ കൊണ്ട്‌ സ്ഥലത്തെത്തി.കയ്യില്‍ ഒരു ബാഗും (എന്റെ റ്റൂള്‍ കിറ്റ്‌) പിടിച്ച്‌ ഷര്‍ട്ട്‌ എല്ലം ടക്ക്‌-ഇന്‍ ചെയ്ത്‌ ഒരു ചുള്ളന്‍ വരുന്നതു കണ്ട്‌ അവിടത്തെ പിള്ളേര്‍ എല്ലാം എന്നെ ഒരു അന്യഗ്രഹജീവിയെ പോലെ നോക്കുന്നുണ്ടായിരുന്നു.മാഷുമ്മാരാണെങ്കില്‍ സര്‍പ്രൈസ്‌ ചെക്കിങ്ങിനു വന്ന എതോ ഒരു ഓഫീസര്‍ ആണെന്നു കരുതി ബഹുമാനത്തോടെയും.

കുറ്റം പറയരുതല്ലൊ, എന്നെ സാമാന്യം നന്നായി തന്നെ അവര്‍ സ്വീകരിച്ചു, പിന്നെ സല്‍ക്കരിച്ചു.ഒരു പയ്യനെ വിട്ട്‌ സ്പെഷല്‍ ടീ ആന്റ്‌ വടൈ വാങ്ങി തന്നു.അത്‌ ഫുള്‍ കാലിയാക്കിയതിനു ശെഷമേ അവര്‍ക്കു ത്രിപ്തിയായുള്ളൂ..(ആക്ചൊലി എനിക്കു ത്രിപ്തിയായില്ല .. ഒരു രണ്ട്‌ മൂന്ന് വട കൂടി കിട്ടിയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു).പിന്നെ ഹെഡ്‌ മാസ്റ്റര്‍ പി.ടി മാഷിനെ വിളിപ്പിച്ച്‌ എന്നെ ഇന്റ്രൊഡ്യൂസ്‌ ചെയ്തു , ആദ്ദേഹം എന്നെ കമ്പ്യൂട്ടര്‍ റൂമിലേക്കു ആനയിചു. പി.ടി മാഷിനും കമ്പ്യൂട്ടറിനും എന്താ ബന്ധം എന്നു ഞാന്‍ വണ്ടറടിക്കാതിരുന്നില്ല.ഒരു പെന്റിയം 3 സിസ്റ്റം പ്രതീക്ഷിച്ചു സി.ഡി. എല്ലാം എടുത്തു സ്റ്റൂളില്‍ ഇരുന്ന എന്റെ മുന്നില്‍ ഉള്ളതു ഒരു പഴയ പെന്റിയം സിസ്റ്റം.അങ്ങനെയുള്ള ഒരു സ്ഥലത്ത്‌ പെന്റിയം 3 പ്രതീക്ഷിച്ച എന്നൊടു ഞാന്‍ തന്നെ "അതിമോഹമാണു മോനെ ദിനേശാ" പറഞ്ഞുകൊണ്ടു ഞാന്‍ വന്ന കര്‍മ്മത്തിലേക്കു കടന്നു.

ആ സിസ്റ്റത്തിലുള്ള ജനാല 95 നെ അവിടെ നിന്നോടിച്ചുവിട്ട്‌ അവിടെ 98 നെ പ്രതിഷ്ഠിക്കണം.അതാണെന്റെ ദൗത്യം.രണ്ടാമതൊന്നാലൊചിക്കാതെ സി.ഡി. വഴി ബൂട്‌ ചെയ്ത്‌ എന്റെ കലാപരിപാടി തുടങ്ങി. ആ സിസ്റ്റത്തില്‍ കുറച്ചു ഡാറ്റ എന്നു പറയപ്പെടുന്ന ഒരു സാധനമുണ്ട്‌ , അതിനെ ബാക്ക്‌ അപ്‌ എടുക്കണം എന്ന ഒരു ചിന്തയുമില്ലതെ ഹാര്‍ഡ്‌ വെയര്‍ എഞ്ചിനീയര്‍സിന്റെ അഞ്ചെഴുത്തു മന്ത്രമായ FDISK‌ , ആറെഴുത്തു മന്ത്രമായ FORMAT എന്നിവ‌ ഞാന്‍ കൂസലന്യേ ഉപയോഗിച്ചു. പിന്നേ എന്നൊടാണോ കളി,ജനാലയല്ല ഇനി ഗേറ്റ്‌ ആയാലും എനിക്കു പുല്ലാണു എന്നു അഹങ്കരിച്ചുകൊണ്ട്‌ അതിവേഗം ബഹുദൂരം ലോഡിംഗ്‌ മുന്നൊട്ടുപോയി.എതാണ്ടു ഒരു 80-85% എത്തിയപ്പോള്‍ നമ്മുടെ പെന്റിയം ചേട്ടനു ഒരു വല്ലായ്ക.മുന്നോട്ടു പോകാന്‍ ഒരു വിഷമം.ഏകദേശം ഒരു അര മണിക്കൂര്‍ ആയിട്ടും ,അങ്ങിനെ തന്നെ. കീബോര്‍ഡിലെ എതാണ്ട്‌ എല്ലാ കീയും പല തവണ ഞെക്കി നോക്കിയിട്ടും ഒരു എഫെക്റ്റുമില്ല.ലോഡ്‌ താങ്ങാന്‍ വയ്യാതെ പാവം പെന്റിയം ചേട്ടന്‍ വടിയായോ ദൈവമേ.. സി.ഡി. പുറത്തെടുത്ത്‌ ആകെ ഒന്നു ക്ലീന്‍ ചെയ്ത്‌ തിരിച്ചിട്ടു നോക്കി, ഒരു രക്ഷയുമില്ല.എന്റെ നെഗളിപ്പു എന്തായലും അവസാനിച്ചു.അതു വരെ ഞാന്‍ ഒരു പുലി ആണെന്നു വിചാരിച്ചു ഭയ ഭക്തി ബഹുമാനങ്ങളോടെ നിന്നിരുന്ന പി.ടി മാഷിന്റെ മുഖത്തു അപ്പോല്‍ ഒരു പുശ്ചത്തിന്റെ ലാഞ്ചനയുണ്ടായോ എന്നെനിക്കു തോന്നതിരുന്നില്ല.അവസാനം , അതായത്‌ പരിപാടി തുടങ്ങി ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിസ്റ്റം റിസെറ്റ്‌ ചെയ്യുക എന്ന കടുത്ത തീരുമാനത്തില്‍ ഞാനെത്തിച്ചെര്‍ന്നു.


സമയം അപ്പോല്‍ ഏകദേശം നാലര.എന്തായലും കുളിച്ചു ഇനി തോര്‍ത്തിക്കേറാം എന്നു വിചാരിച്ചു കൊണ്ട്‌ മെക്രോസൊഫ്റ്റ്‌ ഭഗവാനെ ഒന്നു കൂടി വിളിച്ചുകൊണ്ട്‌ ഞാന്‍ വീണ്ടും സെയിം പരിപാടി തുടങ്ങി.സാധനം വീണ്ടും 80% ഇല്‍ എത്തി, അവിടെത്തന്നെ ഒരേ നില്‍പ്പു തുടങ്ങി.ആ സമയത്താണു പി.ടി മാഷ്‌ പറയുന്നത്‌, ആ മെട്രൊ സിറ്റിയില്‍ നിന്നു ടൗണിലേക്കു ലാസ്റ്റ്‌ ബസ്സ്‌ 6.00 മണിക്കാണെന്ന്.ഞാന്‍ അവിടെ പെട്ടു എന്നു തന്നെ ഉറപ്പിച്ചു.മാഷിനും ആ ബസ്സിനാണു പൊകേണ്ടത്‌. അങ്ങേരും ബലം പിടിക്കാന്‍ തുടങ്ങി. ആ സമയത്താണു ബില്ല് ഗേറ്റ്സ്‌ അണ്ണന്‍ ചായ കുടി കഴിഞ്ഞു അങ്ങേരുടെ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്തതെന്നു തോന്നുന്നു.എന്തായലും എന്റെ പ്രാര്‍ത്ഥന അണ്‍-റീഡ്‌ ആയി ഇന്‍-ബോക്സില്‍ കിടക്കുന്നത്‌ അങ്ങേരു കാണുകയും അതിനെ ഡിലീറ്റ്‌ ചെയ്യാതെ അപ്രൂവ്‌ ചെയ്തു റിപ്ല്യ്‌ ചെയ്യുകയും ചെയ്തു. അങ്ങനെ എന്നെയും പി.ടി മാഷിനെയും ഞെട്ടിപ്പിച്ചു കൊണ്ട്‌ ലോഡിംഗ്‌ 80% എന്ന ഹര്‍ഡില്‍സ്‌ ചാടിക്കടന്നു 100% എത്തുകയും സിസ്റ്റം റിബൂട്‌ ആകുകയും ചെയ്തു.പിന്നെയെല്ലാം ചടേ പടേ ന്നായിരുന്നു.ബാക്കി ചെയ്യേണ്ട കാര്യങ്ങളായ ഓഫീസ്‌ 97, ഫൊക്സ്പ്രൊ ,സി ഇത്യാതി സാധനങ്ങളുടെ ലോഡിംഗ്‌ പെട്ടെന്നു തന്നെ തീര്‍ത്തു.അവസാനം പി.ടി സാറിന്റെ റിക്വസ്റ്റ്‌ ആയ ഐശ്വര്യാ റായുടെ വാള്‍പേപര്‍ കൂടെ കോപ്പി ചെയ്തു കൊടുത്തു. ആ പടം പിള്ളേര്‍ കാണാതെ എങ്ങിനേ ഹൈഡ്‌ ചെയ്തു വക്കാം എന്നു കൂടി കക്ഷിക്കു പറഞ്ഞു കൊടുത്തപ്പോള്‍ ആള്‍ ഡബിള്‍ ഹാപ്പി.

സമയം അപ്പൊഴേക്കും അഞ്ചേ മുക്കാല്‍ കഴിഞ്ഞിരുന്നു.എത്രയും പെട്ടെന്നു എസ്കേപ്‌ ആകണം എന്നുള്ളതു കൊണ്ട്‌ ഞാന്‍ സിസ്റ്റം ഒന്നു കൂടി ചെക്ക്‌ ചെയ്യാന്‍ നിന്നില്ല.അവിടത്തെ പിയൂണിന്റെ ടി.വി.എസ്‌ ഫിഫ്ടിയില്‍ (തമിഴ്‌നാട്‌ ഗ്രാമങ്ങളുടെ ദേശീയ വാഹനം) ത്രിബിള്‍ വച്ചു ഞങ്ങല്‍ അടുത്ത 10 മിനിട്ടിനുള്ളില്‍ ബസ്സ്റ്റാന്റിലെത്തി.കറക്റ്റ്‌ ആറു മണിക്കു തന്നെ ആ സ്ഥലത്തു നിന്ന് വണ്ടി വിടുകയും ചെയ്തു.തിരിച്ച്‌ ഏകദേശം 9 മണിയോടെ റൂമിലെത്തി എന്റെ ആദ്യത്തെ സര്‍വീസ്‌ കാള്‍ വന്‍ വിജയം കൈവരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഞാന്‍ കിടന്നുറങ്ങി.

പിറ്റേന്ന് എതാണ്ട്‌ ഉച്ചക്കാണ് ആ സത്യം ഞാനറിയുന്നത്‌,തമിഴന്‍ മാനേജര്‍ എന്നെ ഇംഗ്ലീഷില്‍ തെറി പറഞ്ഞപ്പോള്‍.തലേ ദിവസം ഞാന്‍ ഇന്‍സ്റ്റാളിച്ച സിസ്റ്റത്തില്‍ , ഡാറ്റയുടെ പൊടി പൊലുമില്ല കണ്ടുപിടിക്കാന്‍.ഈ ഫോര്‍മാറ്റ്‌ എന്നു പറയുന്ന സംഭവം ചെയ്താല്‍ എല്ലം കാലി ആകുമെന്നു എനിക്കറിയമായിരുന്നു.പക്ഷേ ബാക്ക്‌ അപ്‌ എടുക്കാനുള്ള കോമണ്‍ സെന്‍സ്‌ അപ്പോഴത്തെ നെഗളിപ്പിനിടയില്‍ എനിക്കുണ്ടായില്ല.ഐശ്വര്യ റായിയെ കിട്ടിയ സന്തോഷത്തില്‍ ബഹു.പി.ടി മാഷും ഇന്‍സ്റ്റാളേഷനു ശേഷം അതു ചെക്ക്‌ ചെയ്തില്ല.എന്തായലും ഞാന്‍ ഒരു ശിശു ആയതു കൊണ്ടു മാനേജര്‍ അണ്ണന്‍ എന്നെ തെറി കുറച്ചെ വിളിച്ചുള്ളൂ.

ഡാറ്റ പോയ കാര്യം അപ്പോഴെ അറിഞ്ഞെങ്കില്‍ പി.ടി മാഷ്‌ ലോക്കല്‍ പിള്ളേരെക്കൊണ്ട്‌ എന്നെ ശരിയാക്കിയേനെ. ഐശ്വര്യാ റായീ.... നിനക്കെന്റെ ആയിരമായിരം നന്ദി.

9 Comments:

Blogger അളിയന്‍സ് said...

കൂട്ടുകാരേ...
പാണ്ടിനാട്ടിലെ എന്റെ ചില അനുഭവങ്ങള്‍ അല്പം മസാല ചേര്‍ത്ത് ഞാന്‍ പോസ്റ്റിയിട്ടുണ്ട്.
ചീത്ത വിളി കമന്റായി പ്രതീക്ഷിക്കുന്നു...

സസ്നേഹം,
സ്വന്തം അളിയന്‍സ്.

September 20, 2006 1:12 PM  
Blogger സ്വാര്‍ത്ഥന്‍ said...

അളിയോ,
അനുഭവങ്ങള്‍ പാച്ചാളികള്‍ എന്നല്ലേ!! എഴുത്ത് നന്നായിട്ടുണ്ട് ട്ടോ :) മസാല പോര, ധൈര്യമായി ചേര്‍ത്തോളൂ, ആക്രാന്തം കാണിക്കാതെ... ;)
പണ്ട് നമ്മുടെ കാലീഷും ഇതുപോലെയൊക്കെ നടന്നിരുന്നു, കൊടൈക്കനാലിലൂടെ...

(ഓ. ടോ. നമ്മളും ഒരു മാളക്കാരന്‍ തന്നെ! മാള മണ്ഡലത്തിന്റെ തെക്ക് പടിഞ്ഞാറേ അറ്റം, പുത്തന്‍‌ചിറ-കൊമ്പത്തുകടവ്-മുട്ടിക്കല്‍ ഗ്രാമവാസി)

September 20, 2006 4:50 PM  
Anonymous Anonymous said...

kollam aliyaa..... kalakki...
enne onnu windows load cheyyan padippichu tharumo....
aliyante 'mafia' kathayum super.

September 21, 2006 8:20 AM  
Blogger Sreejith K. said...

ആളിയാ, തല്ല് കിട്ടാതിരുന്നത് ഭാഗ്യം. ആ കമ്പ്യൂട്ടറില്‍ ഡ്രൈവ് പാര്‍ട്ടീഷന്‍ ഒന്നേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ എങ്ങിനെ ബാക്ക്-അപ്പ് എടുക്കുമായിരുന്നു സഹോദരന്‍? ആ കാട്ടുമുക്കില്‍ പാര്‍ട്ടിഷന്‍ ഒന്ന് തന്നെ കണ്ടാല്‍ ഭാഗ്യം

ടാറില്‍ വീണ ഐശ്വരാ റായി എന്ന പ്രയോഗം കലക്കി. അവിടെ ചിരി പൊട്ടി.

September 25, 2006 2:17 PM  
Blogger Mubarak Merchant said...

അളിയാ, ബാക്കി ജനാലകള്‍ കൊടി തുറക്കൂ വേഗം! പാണ്ടിനാടിന്റെ കാറ്റ് ബ്ലോഗെങ്ങും പരക്കട്ടെ!
അടിപൊളി.

September 25, 2006 2:41 PM  
Blogger Visala Manaskan said...

ഹഹ.. എനിക്കിഷ്ടായി അളിയന്‍സേ.
രസായിട്ട് എഴുതിയിട്ടുണ്ട്. കൂടുതല്‍ എഴുതുക.

September 25, 2006 3:06 PM  
Blogger സൂര്യോദയം said...

നല്ല വിവരണം..... വളരെ ഇഷ്ടപ്പെട്ടു...

September 26, 2006 3:01 PM  
Blogger സൂര്യോദയം said...

പുതിയ പോസ്റ്റില്‍ കമന്റിടാന്‍ പറ്റുന്നില്ലാ... സെറ്റിംഗ്സ്‌ വല്ലോം മാറിയിട്ടുണ്ടോ എന്ന് നോക്കൂ...

September 27, 2006 8:04 AM  
Blogger അളിയന്‍സ് said...

നന്ദ്രി...നന്ദ്രി....നന്ദ്രി....
എല്ലാരോടെയും പാരാട്ടുക്ക് റൊമ്പ താങ്ക്സ്.

സൂര്യോദയം : ഫീഡ്ബാക്കിന് നന്ദി. ട്രബിള്‍ഷൂട്ടിങ്ങ് ഇന്‍ പ്രൊസസ്...
കരിന്തിരി : അങ്ങയുടെ നാമധേയം അറിയാന്‍ ആഗ്രഹമുണ്ട്.

September 27, 2006 8:41 AM  

Post a Comment

<< Home